കുവൈത്ത് സിറ്റി : കൊറോണ വൈറസിന്റെ പുതിയ വക ഭേദമായ എക്സ്.ബി.ബി 1.16 വ്യാപനവുമായി ബന്ധപ്പെട്ടുള്ള സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
പുതിയ വകഭേദത്തിന്റെ ആഗോള വ്യാപന നിരക്ക്, അതിന്റെ തീവ്രത,രോഗികളുടെ ആശുപത്രി വാസ നിരക്ക്, മുതലായ മാനദണ്ഡങ്ങൾക്ക് അനുസൃതമായി അന്താരാഷ്ട്ര തലത്തിൽ ആരോഗ്യ സാഹചര്യം വിലയിരുത്തി വരികയാണെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യത്ത് നിലവിലെ ആരോഗ്യ സാഹചര്യം തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഇല്ലെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. എങ്കിലും പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങളും നല്ല ആരോഗ്യ ശീലങ്ങളും പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ശുപാർശ ചെയ്യുന്നതായും മന്ത്രാലയം വ്യക്തമാക്കി.
ഇടയ്ക്കിടെ കൈകൾ കഴുകുകയും അണുവിമുക്തമാക്കുന്നതും ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുവാനും തിരക്കേറിയതും അടഞ്ഞതുമായ സ്ഥലങ്ങളിൽ മുഖാവണം ധരിക്കുവാനും രോഗ ലക്ഷണങ്ങളുള്ളവരുമായി സമ്പർക്കം ഒഴിവാക്കുവാനും മന്ത്രാലയ അധികൃതർ അഭ്യർത്ഥിച്ചു.ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ XBB1.6 വ്യാപനം അനുദിനം വർദ്ധിച്ചു വരികയാണ്