കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ എഞ്ചിനീയറിംഗ് മേഖലയിൽ ഉടൻ തന്നെ കുവൈത്തി വൽക്കരണം നടപ്പിലാക്കുവാൻ സാധ്യതയുള്ളതായി കുവൈത്തി എഞ്ചിനീയറിംഗ് സോസൈറ്റി തലവൻ ഫൈസൽ അൽ അത്താൽ അറിയിച്ചു. പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രതി വർഷം മൂവായിരം സ്വദേശികളാണ് എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി പുറത്തു വരുന്നത്. എന്നാൽ സർക്കാർ, സ്വകാര്യ മേഖലയിൽ ആയിരം ഒഴിവുകൾ മാത്രമാണ് പ്രതി വർഷം ഉണ്ടാകുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ മേഖലയിൽ എഞ്ചിനീയറിംഗ് പ്രൊഫഷൻ കുവൈത്തി വൽക്കരിക്കുവാൻ സർക്കാരിന് നിർദേശം സമർപ്പിച്ചിരുന്നു.
എന്നാൽ ബന്ധപ്പെട്ട അധികാരികൾ തമ്മിൽ ഏകോപനം ഇല്ലാത്തത് മൂലം തീരുമാനം നീണ്ടു പോകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എണ്ണ മേഖലയിൽ, ഡ്രില്ലിംഗ്, മെഷിനറി വിഭാഗത്തിൽ നിരവധി എഞ്ചിനീയർ മാരുടെ ഒഴിവുകൾ ഉണ്ടാകാറുണ്ടെങ്കിലും സ്വദേശികളിൽ ആരും തന്നെ ഈ വിഷയം തെരഞ്ഞെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ എല്ലാ പദ്ധതികളും ഏറ്റെടുത്ത് നടപ്പിലാക്കാൻ യോഗ്യരാണ് സ്വദേശി എഞ്ചിനീയർമാർ. ജല വൈദ്യുതി മന്ത്രാലയത്തിലെ അറ്റകുറ്റ പണികൾ ഏറ്റെടുത്ത് നടത്തിയത് അതിന്റെ ഏറ്റവും വലിയ തെളിവായി തങ്ങളുടെ മുന്നിലുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കുവൈത്ത് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു അസോസിയേഷൻ നടത്തിയ പ്രൊഫഷനൽ ടെസ്റ്റിൽ പരാജയപ്പെട്ട പതിമൂന്നായിരത്തോളം പ്രവാസി എഞ്ചിനീയർമാരുടെ പട്ടിക തയ്യാറാക്കിയതായും അൽ അത്തിൽ വ്യക്തമാക്കി.നിലവിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തി എഞ്ചിനീയർമാരുടെ എണ്ണം രണ്ടായിരത്തിൽ അധികം ഉണ്ടാകില്ല. അസോസിയേഷനിൽ ഇരുപതിനായിരത്തോളം എഞ്ചിനീയർമാർ അംഗങ്ങളായുണ്ട്. നാല്പത്തിനായിരത്തോളം കുവൈത്തി ഇതര എഞ്ചിനീയർമാർ അസോസിയേഷനിൽ അംഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.