കുവൈത്തിൽ അനിയന്ത്രിതമായി ടാക്സികൾ അനുവദിക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി അധികൃതർ അറിയിച്ചു. ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി പൊതു ഗതാഗത സംവിധാനം വർധിപ്പിക്കണമെന്ന നിർദ്ദേശം വീണ്ടും പരിഗണിക്കുകയാണ്.
രാജ്യത്ത് നിലവിൽ പതിനായിരത്തിലേറെ ടാക്‌സികളാണ് ഓടുന്നത്. എന്നാൽ തിരക്ക് കൂടുന്ന സമയത്ത് കൂടുതൽ ടാക്സികൾ നിരത്തിൽ വർധിക്കുന്നത് ട്രാഫിക് കുരുക്കിന് കാരണമാകുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി . രാജ്യത്തെ ടാക്സികളുടെ വർധനവ് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നേതൃത്വത്തിൽ ചേരുന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ടാക്സി വ്യവസായത്തിന്റെ സംഭാവന കുറവാണ്. കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ ടാക്‌സി കമ്പനികൾ വിമുഖത പുലർത്തുന്നത് രാജ്യത്ത് സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.