കുവൈത്ത്: കുവൈത്തിൽ തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുവാൻ തൊഴിലാളികൾക്ക് വേണ്ടി ഒരു പ്രത്യേക ക്ഷേമ നിധി രൂപീകരിക്കുവാൻ മാനവ ശേഷി സമിതി ഒരുങ്ങുന്നു. അന്താരാഷ്ട്ര ലേബർ ഓർഗനൈസേഷനുമായി സഹകരിച്ചുകൊണ്ടാണ് ക്ഷേമ നിധി രൂപീകരിക്കുന്നത്. മാനവ ശേഷി സമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിശ്ചിത മാനദണ്ഡങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി ഒരു നിശ്ചിത തുക നൽകുന്ന സാമൂഹിക ഇൻഷുറൻസ് സംവിധാനത്തിന് സമാനമായാണ് ക്ഷേമ നിധി രൂപീകരിക്കുകന്നത്. ഈ സംവിധാനത്തിന് കീഴിൽ തൊഴിലാളിയുടെ സാമ്പത്തിക അവകാശങ്ങൾ വിതരണം ചെയ്യുന്ന ക്ഷേമ നിധി രൂപീകരിക്കുവാനാണ് ആലോചിക്കുന്നത്. ചില ജി. സി. സി. രാജ്യങ്ങളിൽ ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളിലെ അനുഭവങ്ങൾ സമിതിയുടെ നേതൃത്വത്തിൽ നിരീക്ഷിച്ചു വരികയാണ്.
ഈ ഫണ്ട് പ്രശ്‌നബാധിതമായ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തേണ്ടതില്ല. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെയും കുടിശ്ശികകൾ ഈ സംവിധാനം വഴി വിതരണം ചെയ്യുവാൻ സാധിക്കും. ഇതിനു തൊഴിലാളി യാതൊരു ഫീസും അടക്കേണ്ടതില്ല. പകരം തൊഴിലുടമയാണ് തൊഴിലാളിയുടെ പേരിൽ ഫീസ് അടയ്ക്കേണ്ടതെന്നും മാനവ ശേഷി സമിതി അധികൃതർ വ്യക്തമാക്കി.