ഫലസ്തീൻ പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം വേണമെങ്കിൽ ദ്വിരാഷ്ട്രം നിലവിൽ വരണമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സാലിം അബ്ദുള്ള അൽ ജാബിർ അസ്സബാഹ്. യു.എൻ ദിനത്തോടനുബന്ധിച്ച് കുവൈത്തിൽ യു.എൻ മിഷൻ നടത്തിയ ആഘോഷത്തിൽ സംസാരിക്കവെയാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിരപരാധികളുടെ ജീവൻ നഷ്ടമാകുന്ന ഗസ്സയിലെ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും സഹായം എത്തിക്കാൻ ശ്രമിക്കുന്നതിനിടെ 35 യു.എൻ.ആർ.ഡബ്ലിയു.എ ജീവനക്കാരുടെ ദാരുണമായ മരണം അപലപനീയമാണെന്നും അവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിരപരാധികളുടെ ജീവൻ കവർന്നെടുക്കുന്ന തരത്തിലുള്ള ഏറ്റുമുട്ടലുകൾ അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകണം. കുവൈത്ത് ഐക്യരാഷ്ട്രസഭയിൽ അംഗത്വമെടുത്ത് അറുപത് വർഷമായെന്നും പുരോഗതിയും ഐക്യവും നിലനിൽക്കുന്ന ഒരു ലോകത്തിനായി ഒരുമിച്ച് പരിശ്രമിക്കാമെന്നും ശൈഖ് സാലിം പറഞ്ഞു.