കുവൈത്ത്: കുവൈത്തിൽ കോർപറേറ്റ് നികുതി പരിഷ്കരിക്കുവാൻ ധനമന്ത്രാലയം ഒരുങ്ങുന്നു. ഇതിനായി മന്ത്രാലയം കരട് നിർദേശം സമർപ്പിച്ചു. ആഗോള സാമ്പത്തിക രംഗത്ത് രാജ്യത്തിൻറെ മത്സരക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നികുതി പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.
പരിഷ്കരണങ്ങളുടെ ഭാഗമായി ബിസിനസ് പ്രോഫിറ്റ് ടാക്സ് ലോ (ബി.പി.ടി) അവതരിപ്പിക്കും. രണ്ട് ഘട്ടങ്ങളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. 2025ഓടെ പൂർണമായ രീതിയിൽ കോർപറേറ്റ് നികുതി നടപ്പിലാക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ഇതോടെ രാജ്യത്ത് പ്രവർത്തിക്കുന്ന തദ്ദേശീയ സ്ഥാപനങ്ങൾക്കും വിദേശ കോർപറേറ്റ് കമ്പനികൾക്കും ലാഭത്തിൻറെ നിശ്ചിത ശതമാനം നികുതി ചുമത്തും.
പങ്കാളിത്ത ബിസിനസ്, പ്രത്യേക സാമ്പത്തിക മേഖലാ ബിസിനസ് എന്നിവ ഉൾപ്പെടെയുള്ളവർക്കും നികുതി ബാധകമാകും. എന്നാൽ, വ്യക്തികളേയും ചെറുകിട സംരംഭങ്ങളേയും നികുതിയിൽ നിന്ന് ഒഴിവാക്കുമെന്നാണ് സൂചനകൾ. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കോർപറേറ്റ് നികുതി നിരക്കുകളിൽ ഒന്നാണ് കുവൈത്തിലേത്. നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്ന വിദേശ കമ്പനികൾക്ക് മാത്രമാണ് നികുതി ഈടാക്കുന്നത്. ആഗോള അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 806 മില്യൺ ഡോളർ വാർഷിക വരുമാനമുള്ള കമ്പനികളാണ് നിർദിഷ്ട ബി.പി.ടിയുടെ കീഴിൽ വരിക.