കുവൈത്ത്: കുവൈത്ത് സ്വദേശിയുടെ ബോട്ടുമായി കന്യാകുമാരി സ്വദേശികളായ മൂന്ന് ഇന്ത്യക്കാർ രക്ഷപ്പെട്ട സംഭവം പുതിയ വഴിത്തിരിവിലേക്ക്. തൻ്റെ മുപ്പത്തി അയ്യായിരത്തോളം ദിനാർ വില വരുന്ന മത്സ്യബന്ധന ബോട്ട് മോഷ്ടിച്ച് തൊഴിലാളികളായ 3 ഇന്ത്യക്കാർ സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ടതായി ആരോപിച്ച് കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ അംഗം അബ്ദുല്ല അൽ-സർഹിദ് ഫഹാഹീൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ബോട്ട് വീണ്ടെടുക്കാനും ഇവരെ പ്രോസിക്യൂട്ട് ചെയ്യാനും വിദേശകാര്യ മന്ത്രാലയത്തിൻ്റെ സഹായം തേടുമെന്നും അൽ-സർഹിദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളികൾക്ക് രണ്ട് വർഷമായി ശമ്പളം നൽകിയിട്ടില്ലെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. കൂടാതെ തൊഴിലാളികൾക്ക് ശമ്പളം നൽകാതെ പീഡിപ്പിച്ചിട്ടില്ലെന്നും ഇവരുടെ പാസ്‌പോർട്ട് തടഞ്ഞുവെച്ചിട്ടില്ലെന്നും ഉടമ വ്യക്തമാക്കി.
അതേസമയം ഇവർ മൂന്ന് പേർക്കും എതിരെ മദ്യപിച്ച കേസിൽ കുവൈത്ത് കോടതി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. യാത്രാ വിലക്ക് ഏർപ്പെടുത്തിയ പരാതിയിൽ കുവൈത്തിലെ ഇന്ത്യൻ എംബസി തന്നെ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇവരുടെ യാത്രക്ക് ആവശ്യമായ രേഖകൾ എംബസി നൽകിയാൽ യാത്രാ ടിക്കറ്റ് നൽകാൻ താൻ തയ്യാറാണെന്ന് എംബസിയെ അന്ന് അറിയിക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ബോട്ടുമായി രക്ഷപ്പെട്ട ഇവർ ഇന്ത്യയിൽ അറസ്റ്റിലായ ശേഷം ഇന്ത്യൻ അധികൃതർ വീഡിയോ കോളുകൾ വഴി തന്നെ ബന്ധപ്പെടുകയും തന്റെ ഭാഗത്തു നിന്നുള്ള വിശദീകരണം കേൾക്കുകയും ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യൻ മാധ്യമങ്ങൾ തന്റെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. തൻ്റെ ബോട്ട് വീണ്ടെടുക്കാൻ പ്രാദേശിക അധികാരികളുടെയും ഇന്ത്യൻ എംബസിയുടെയും സഹായം തേടിയതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തൊഴിലുടമയുടെ ബോട്ടുമായി രക്ഷപ്പെട്ട കന്യാകുമാരി സ്വദേശികളായ ആൻ്റണി, നിദിസോ ഡിറ്റോ, വിജയ് ആൻ്റണി എന്നിവർ മുംബയിൽ അറസ്റ്ലായത്.തൊഴിലുടമയിൽ നിന്നുണ്ടായ കൊടിയ പീഡനത്തെ തുടർന്നാണ് തങ്ങൾ മറ്റു മാർഗങ്ങൾ ഇല്ലാതെ ബോട്ടുമായി രക്ഷപ്പെട്ടത് എന്നായിരുന്നു ഇവർ പോലീസിൽ നൽകിയ മൊഴി.