കുവൈത്തിൽ വൈദ്യുതി കേബിളുകളുടെ മോഷണം പെരുകുന്നു. മൂന്ന് വർഷത്തിനിടയിൽ കുവൈത്തിൽ 66 കേബിൾ മോഷണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി വൈദ്യുതി മന്ത്രാലയം അറിയിച്ചു. വൈദ്യുതി കേബിളുകൾ മോഷ്ടിക്കുന്നത് വർധിച്ചതിനെ തുടർന്ന് നേരത്തേ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പരിശോധന ശക്തമാക്കിയിരുന്നു. മോഷണങ്ങളെ ചെറുക്കുന്നതിന് നിരവധി നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്. ഇലക്ട്രിക് കേബിളുകൾ സ്ഥിതി ചെയ്യുന്ന റോഡുകളിൽ പട്രോളിങ് വർധിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക് കേബിളുകൾ മോഷ്ടിക്കുന്നതിനെക്കുറിച്ച് മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ അവബോധ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. മരത്തടികളിൽ സൂക്ഷിക്കുന്ന ഇലക്ട്രിക്കൽ കേബിളുകളാണ് മോഷ്ടാക്കൾ പതിവായി ലക്ഷ്യമിടുന്നത്. മോഷണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.