ഗ്ലോബൽ വാട്ടർ ഓർഗനൈസേഷനിലേക്ക് (ജി.ഡബ്ല്യു.ഒ) കുവൈത്തിന് ക്ഷണം. കുവൈത്തിനെ ജി.ഡബ്ല്യു.ഒയിലേക്ക് ക്ഷണിച്ചുകൊണ്ട് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് സ്വയം എഴുതി തയാറാക്കിയ കത്തയച്ചു. കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് അമീറിന് ക്ഷണക്കത്ത് കൈമാറി. ബയാൻ പാലസിൽ നടന്ന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ആഗോള ജല സുസ്ഥിരത ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനാണ് റിയാദ് ആസ്ഥാനമായി ജി.ഡബ്ല്യു.ഒക്ക് തുടക്കമിട്ടത്. ആഗോള ജലവിതരണവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കൽ, ജല സുസ്ഥിരത ഉറപ്പാക്കൽ, വിഷയത്തിൽ സർക്കാറുകളുടെയും സംഘടനകളുടെയും സഹകരണ സംരംഭങ്ങളുടെയും ഏകീകരണം എന്നിവ ജി.ഡബ്ല്യു.ഒ മുന്നോട്ടുവെക്കുന്നു. ജലസ്രോതസ്സുകളുടെ സുസ്ഥിരതയിലും ലഭ്യതയിലും ഊന്നൽ നൽകുന്ന പ്രോജക്ടുകളുടെ പ്രോത്സാഹനം, നവീകരണം, വൈദഗ്ധ്യ കൈമാറ്റം, സാങ്കേതികവിദ്യ വികസിപ്പിക്കൽ, ഗവേഷണ വികസനവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കിടൽ എന്നിവയിലും ജി.ഡബ്ല്യു.ഒ ശ്രദ്ധ കേന്ദ്രീകരിക്കും.