കുവൈത്തിൽ റോഡുകളിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവരെ നിരീക്ഷിച്ച് കണ്ടെത്തുന്നതിന് പ്രത്യേക സംവിധാനമൊരുക്കി കുവൈത്ത് ട്രാഫിക്ക് വകുപ്പ്. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഗദ്ദയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം ട്രാഫിക് ഓപ്പറേഷൻസ് ഡിപ്പാർട്ടുമെന്റാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്.
ഓപ്പറേഷൻസ് ഡിപ്പാര്ട്ട്മെന്റ്, സെക്യൂരിറ്റി കൺട്രോൾ വിഭാഗം എന്നിവയുടെ മേൽനോട്ടത്തിൽ കഴിഞ്ഞ ദിവസം രാജ്യത്തെ ഒന്നിലധികം റിംഗ് റോഡുകളിലും ഹൈവേകളിലും നടത്തിയ പുതിയ സംവിധാനത്തിന്റെ പരീക്ഷണം വിജയപ്രദമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു . സൂക്ഷ്മമായ തരത്തിൽ വാഹനങ്ങളുടെ വേഗത കൂടുന്നതും കുറയുന്നതും നിരീക്ഷിക്കാൻ ഈ സംവിധാനം വഴി കഴിയുമെന്നതാണ് പ്രധാന പ്രത്യേകത .പൊതുനിരത്തുകളിൽ നിയമലംഘനങ്ങൾ കൂടുന്നത് നിയന്ത്രിക്കുക, ഗതാഗതത്തെ തടസ്സപ്പെടുത്തുന്ന ട്രാഫിക് അപകടങ്ങൾ കൈകാര്യം ചെയ്യുക, സാധാരണ ഗതാഗത കുരുക്ക് ഉണ്ടായേക്കാവുന്ന കച്ചവട കേന്ദ്രങ്ങളിലും റോഡുകളിലും ഗതാഗതം നിയന്ത്രിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരം നൂതന സംവിധാനങ്ങൾ നടപ്പിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി .