കുവൈത്തിലെ റോഡുകളിൽ പതിവായി അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് സ്ഥിരം പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം വിവിധ സർക്കാർ ഡിപ്പാർട്ടുമെന്റുകളുമായും ഏജൻ സികളുമായും ചർച്ച നടത്തി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ജമാൽ അൽ ഫൗദരിയുടെ അധ്യക്ഷതയിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആസ്ഥാനത്ത് തിങ്കളാഴ്ച നടന്ന പ്രാഥമിക യോഗത്തിൽ പൊതുമരാമത്ത് മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട്, സിവിൽ സർവീസ് ബ്യൂറോ, ഫത്വ, നിയമനിർമ്മാണ വകുപ്പ് എന്നിവയുടെ പ്രതിനിധികളാണ് പങ്കെടുത്തത് .
ഇതിനായി ഹ്രസ്വ, ഇടത്തരം, ദീർഘകാല ഘട്ടങ്ങളിലൂടെ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ഏകോപിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും വേണ്ടിയാണ് യോഗം ചേർന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായുള്ള തടസ്സങ്ങൾ മറികടന്ന് അതുവഴി രാജ്യത്തെ റോഡ് സഞ്ചാരം സുഗമമാക്കുകയുമാണ് ലക്ഷ്യം. ഇതിനുവേണ്ടി നിയമപരവും സാമ്പത്തികവും സാങ്കേതികവുമായ ഉചിതമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനെക്കുറിച്ചും യോഗം ചർച്ചചെയ്തു .
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പദ്ധതിക്കുള്ളിൽനിന്നുകൊണ്ട് സ്വീകരിച്ച നടപടികളും പദ്ധതികളും ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് ആറുമാസത്തിനകം മന്ത്രിസഭക്ക് കൈമാറുമെന്നും ബന്ധപ്പെട്ട ഉന്നത വ്യത്തങ്ങൾ പറഞ്ഞു.