പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ, ഗതാഗത തിരക്ക് കുറയ്ക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ‘ഗതാഗത തടസ്സമില്ലാത്ത അധ്യയന വർഷം’ എന്ന ശീർഷകത്തിൽ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം അധ്യയന വർഷത്തേക്കുള്ള സുരക്ഷാ പദ്ധതികൾ പൂർത്തിയാക്കിയതായി അറിയിച്ചു. റോഡുകളിലെ തിരക്ക് കുറയ്ക്കുവാൻ സ്കൂൾ ട്രാൻസ്പോർട്ട് ബസുകൾ ഉപയോഗിക്കാൻ രക്ഷിതാക്കളോട് അഭ്യര്ഥനയുണ്ട്.
പൊതുഗതാഗത ബസുകൾ ഉപയോഗിക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറയ്ക്കുവാൻ സാധിക്കും. സ്കൂൾ പ്രവേശന കവാടത്തിന് മുന്നിൽ കുട്ടികളെ നേരിട്ട് ഇറക്കിവിടരുതെന്ന് ആഭ്യന്തര മന്ത്രാലയം ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. ഇത് റോഡ് തടസ്സപ്പെടുത്തുകയും ഗതാഗതക്കുരുക്കിന് കാരണമാകുകയും ചെയ്യും.
ഗതാഗതം സുഗമമാക്കുന്നതിന് റോഡുകളുടെ പ്രവേശന കവാടങ്ങളിലും എക്സിറ്റുകളിലും സ്കൂളുകൾക്ക് സമീപവും ആവശ്യത്തിന് പെട്രോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങളുടെ തിരക്ക് കൂടുന്ന സമയങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിന് കൺട്രോൾ ഡിപ്പാർട്മെന്റ് സ്വമേധയാ സിഗ്നൽ തുറക്കുമെന്നും അധികൃതർ പറഞ്ഞു.