കുവൈത്ത് സിറ്റി: കഴിഞ്ഞ 15 മാസത്തിനിടെ കുവൈത്തിൽ ഹൃദയാഘാത കേസുകളിൽ റിപ്പോർട്ട് ചെയ്തത് 7600 മരണങ്ങൾ. കുവൈത്ത് ഹാർട്ട് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ലോക ഹൃദയാരോഗ്യദിനത്തോടനുബന്ധിച്ചായിരുന്നു ഹാർട്ട് അസോസിയേഷൻ ഈ കണക്കുകൾ പുറത്തുവിട്ടത്. കുവൈത്തിൽ ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നുവെന്നാണ് ഈ കണക്കുകളിൽ നിന്നും വ്യക്തമാക്കുന്നത്.
ഹൃദയാഘാതം വന്ന മരണപ്പെട്ടവരിൽ 71 ശതമാനവും പ്രവാസികളും 29 ശതമാനം കുവൈത്തി പൗരന്മാരുമാണ്. ഇതിൽ 82 ശതമാനം പുരുഷന്മാരും, 18 ശതമാനം സ്ത്രീകളുമുണ്ട്. പഠനമനുസരിച്ച് ഹൃദയാഘാതം ബാധിച്ച രോഗികളിൽ പകുതിയിലധികം പേർക്കും പ്രമേഹം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ശരാശരി പ്രായം 56 വയസ്സാണെന്നും സർവ്വേയിൽ നിന്നും മനസിലാക്കാൻ കഴിയുന്നുണ്ട്. 2023 മെയ് 15 മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കാലയളവിലെ കണക്കുകളാണിത്.