കുവൈത്ത് സിറ്റി: താമസ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യാത്തവർക്കെതിരെ നടപടിയുമായി കുവൈത്ത്. രാജ്യത്ത് താമസ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്ത 408 പേരുടെ വിലാസങ്ങൾ കൂടി അധികൃതർ റദ്ദാക്കി. കെട്ടിടങ്ങൾ പൊളിച്ചതിനെ തുടർന്നും ഉടമകൾ നൽകിയ വിവരങ്ങൾ അനുസരിച്ചുമാണ് നടപടി സ്വീകരിച്ചതെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു.
രേഖകൾ നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനകം പാസി ഓഫിസ് സന്ദർശിച്ച് പുതിയ വിലാസങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. നിശ്ചിത സമയപരിധിക്കുള്ളിൽ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. നേരത്തെയും താമസം മാറിയിട്ടും വിലാസം പുതുക്കാത്ത നിരവധി പേർക്കെതിരെ കുവൈത്തിൽ നടപടി സ്വീകരിച്ചിരുന്നു.