കുവൈത്ത് സിറ്റി: തെരുവോരത്ത് ഐസ്‌ക്രീം വിൽക്കുന്ന വണ്ടികളുടെ ലൈസൻസ് മരവിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് നടപടി. മുനിസിപ്പാലിറ്റിയും ആഭ്യന്തര മന്ത്രാലയവും ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റിയും സംയുക്തമായാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്.
ഐസ്‌ക്രീം വണ്ടികൾ ഉയർത്തുന്ന ആരോഗ്യ, സാമൂഹിക, സുരക്ഷാ അപകടങ്ങളും, ചൂട്കാലത്തെ സംഭരണ രീതിയിലെ അപാകതയുമാണ് അധികൃതരെ തെരുവോരത്തെ ഐസ്‌ക്രീം കച്ചവടം മരവിപ്പിക്കാൻ കാരണം.
കഴിഞ്ഞയാഴ്ച മുനിസിപ്പൽ വകുപ്പ് മന്ത്രി അബ്ദുൾ ലത്തീഫ് അൽ മിഷാരിയുടെ ഓഫീസിലായിരുന്നു യോഗം. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ചെയർപേഴ്സണും ഡയറക്ടർ ജനറലുമായ ഡോ. റീം അൽ-ഫുലൈജും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധിയും യോഗത്തിൽ പങ്കെടുത്തു.