കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലിക്ക് പോകാൻ ആഗ്രഹിക്കുന്നവർ വ്യാജ റിക്രൂട്ടിങ് ഏജൻസികളുടെയും കമ്പനികളുടെയും ചതിയിൽ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്തിലെ ഇന്ത്യൻ എംബസി. തട്ടിപ്പുകാരായ 18 ഇന്ത്യൻ ഏജൻസികളുടെയും 160 കുവൈത്ത് കമ്പനികളുടെയും പേരുകൾ എംബസി ലേബർ വിഭാഗം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത പുതുക്കിയ പട്ടികയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഡൽഹിയിലെ 8 ഏജൻസികളും മുംബൈയിലെ 4 ഏജൻസികളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കുവൈത്തിലെ ജനറൽ ട്രേഡിങ്, കോൺട്രാക്ടിങ്, കേറ്ററിങ്, റെസ്റ്റോറന്റുകൾ, മെഡിക്കൽ, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് ബ്ലാക്ക്ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അൽ മനാർ സ്റ്റാർ കമ്പനി ഫോർ ഡെലിവറിങ് കൺസ്യൂമർ ഓർഡേഴ്സ്, ഹുദാസ് സെൻറർ ഫോർ ഏർലി ലേണിങ് കമ്പനി ഫോർ മാനേജിങ് നഴസ് എന്നിവയും ഈ പട്ടികയിലുണ്ട്.
ഈ കമ്പനികളെ ബ്ലാക്ക്ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പാസ്പോർട്ട് പിടിച്ചുവയ്ക്കൽ, ശമ്പളം നൽകാതിരിക്കൽ, ശാരീരിക പീഡനം തുടങ്ങിയ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്.