കുവൈത്ത് സിറ്റി: 130 ഓളം ധനവിനിമയ സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദാക്കാൻ കുവൈത്ത്. വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നടപടികൾക്ക് തയ്യാറെടുക്കുന്നത്. രാജ്യത്ത് പ്രവർത്തിക്കുന്ന ധന വിനിമയ സ്ഥാപനങ്ങൾ പാലിക്കേണ്ട നിയമ പരമായ വ്യവസ്ഥകൾ പൂർത്തിയാക്കാൻ അനുവദിച്ച സമയ പരിധി അവസാനിച്ചിട്ടും ഇതിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്ക് എതിരെയാണ് മന്ത്രാലയം നടപടി സ്വീകരിക്കുക. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
ധനവിനിമയ സ്ഥാപനങ്ങളിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ഇവയുടെ പ്രവർത്തനരീതികൾ നിരീക്ഷിക്കുന്നതിനുമാണ് മന്ത്രാലയം നേരത്തെ നിയമ പരമായ വ്യവസ്ഥകൾ മുന്നോട്ട് വെച്ചത്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തുടങ്ങിയ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെയാണ് മന്ത്രാലയം നടപടികൾ സ്വീകരിക്കാനൊരുങ്ങുന്നത്.