കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത. കുവൈത്തിൽ വീട്ടുജോലിക്കാരുടെയും ഡ്രൈവർമാരുടെയും സ്‌പോൺസർഷിപ്പ് മാറ്റുന്നതുൾപ്പെടെയുള്ള സേവനങ്ങൾ ഇനി മുതൽ സർക്കാർ ഏകീകൃത ആപ്ലിക്കേഷനായ സഹേൽ വഴി ഓൺലൈനായി നടത്താം.
ഇത്തരം സേവനങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ നേരിട്ടെത്തി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയ്ക്കാണ് ഇതോടെ പരിഹാരമായത്. ഡിജിറ്റൽവൽക്കരണത്തിന്റെ ഭാഗമായി കൊണ്ടുവന്ന ഈ സംവിധാനം വഴി പ്രവാസികൾക്ക് ഏറെ പ്രയോജനപ്രദമാണ്. ഇവി വേഗത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ പുതിയ സംവിധാനം സഹായിക്കും.
അതേസമയം, സ്പോൺസർ ചെയ്യാവുന്നവരുടെ എണ്ണത്തിലും മന്ത്രാലയം പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. ഇതുപ്രകാരം വിവാഹിതരായ പുരുഷന്മാർക്ക് മൂന്ന് വീട്ടുജോലിക്കാരെയും ഒരു ഡ്രൈവറെയും സ്‌പോൺസർ ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ അവിവാഹിതരായ പുരുഷന്മാർക്ക് ഒരു ഡ്രൈവറെ മാത്രമേ സ്‌പോൺസർ ചെയ്യാൻ സാധിക്കൂ. കുട്ടികളുള്ള വിവാഹിതരായ സ്ത്രീകൾക്ക് ഒരു വീട്ടുജോലിക്കാരനെയും ഒരു ഡ്രൈവറെയും സ്‌പോൺസർ ചെയ്യാം. അവിവാഹിതരായ സ്ത്രീകൾക്ക് ഒരു വീട്ടുജോലിക്കാരിയെ മാത്രമാണ് സ്‌പോൺസർ ചെയ്യാൻ അനുമതിയുള്ളത്.
അപേക്ഷകർ തങ്ങളുടെ ഔദ്യോഗിക രേഖകൾ എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ആപ്പ് വഴി സേവനങ്ങൾക്കായി അപേക്ഷിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.








