കുവൈത്ത് സിറ്റി: കുവൈത്ത് സർക്കാരിന്റെ ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. ഒരു സ്വദേശി ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പണം വാങ്ങി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യക്കാർക്ക് നൽകുന്നതാണ് ഇവരുടെ രീതി. ഒരു കുവൈത്ത് സ്വദേശി, 2 ഇറാൻ പൗരന്മാർ, കൂടാതെ ഒരു ബെദൂനി (പൗരത്വ രഹിത വിഭാഗത്തിൽപ്പെട്ട വ്യക്തി) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ രേഖകൾ മുൻകാല ഡേറ്റകളിലും ഇവർ നൽകിയിരുന്നു. വ്യക്തികൾ നേരിട്ട് ചെല്ലാതെ പോലും സർട്ടിഫിക്കറ്റുകൾ പണം നൽകിയാൽ യഥേഷ്ടം ലഭ്യമായിരുന്നു.
വ്യാജ സംഘത്തെ കുറിച്ച് ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിൽ അധികൃതർ സൂക്ഷ്മം സ്ഥലം നിരീക്ഷിച്ചു. തുടർന്ന്, ബന്ധപ്പെട്ട അധികാരികളിൽ നിന്ന് നിയമപരമായ അംഗീകാരം നേടി ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് റെയ്ഡും നടത്തിയിരുന്നു. സർക്കാരിന്റെ വ്യാജ മുദ്രകളും, ഉണ്ടാക്കാൻ ഉപകരിക്കുന്ന ഉപകരണങ്ങളും ഉൾപ്പെടെ അധികൃതർ പിടിച്ചെടുത്തു. കൂടാതെ പരിശോധനയിൽ ലഹരിമരുന്നും ഇവരുടെ പക്കൽ നിന്ന് കണ്ടെത്തി.