കുവൈത്ത് സിറ്റി: രാജ്യത്ത് സ്വർണം, വാച്ചുകൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളുടെ വ്യാപാരത്തിൽ പണമിടപാട് നിരോധിക്കാനുള്ള നീക്കം നടത്താൻ കുവൈത്ത്. കള്ളപ്പണം വെളുപ്പിക്കൽ തടയുകയും സാമ്പത്തിക സുതാര്യത ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കവുമായി സർക്കാർ മുന്നോട്ടു പോകുന്നത്. സ്വർണം, വാച്ചുകൾ എന്നിവയുടെ വാങ്ങലിന് ബാങ്ക് കാർഡ് അല്ലെങ്കിൽ ഇലക്ട്രോണിക് ഇടപാടുകൾ മാത്രമേ അനുവദിക്കൂവെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം നിർദ്ദേശിക്കുന്നു.
പണമിടപാടുകൾക്ക് കുറഞ്ഞ പരിധി നിശ്ചയിക്കുന്നതും പരിഗണനയിലുണ്ട്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം. റിയൽ എസ്റ്റേറ്റ് വില്പന, താൽക്കാലിക വ്യാപാര മേളകൾ, കാർ ബ്രോക്കറേജ് (Auctions), പുതിയതും ഉപയോഗിച്ചതുമായ കാറുകളുടെ വില്പന, ആഭ്യന്തര തൊഴിൽ ഓഫിസുകൾ, ഫാർമസികളിൽ നിന്ന് പത്ത് ദിനാറിന് മുകളിലുള്ള പർച്ചേഴ്സുകൾ എന്നിവയാണ് രാജ്യത്ത് പണമിടപാട് നിരോധനത്തിന് വിധേയമായ മറ്റ് മേഖലകൾ.