കുവൈത്ത് സിറ്റി: കുവൈത്തിൽ നടന്ന 45 -ാമത് ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) ഉച്ചകോടിയ്ക്ക് സമാപനം. ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളുമാണ് ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെട്ടത്. കുവൈത്ത് അമീറാണ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത്. ഗസ്സയിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്ന് ജിസിസി നേതാക്കൾ ഉച്ചകോടിയിൽ ആവശ്യപ്പെട്ടു. ഗസ്സയിലെ യുദ്ധക്കുറ്റങ്ങളും സാധാരണക്കാരെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നതും ഉടൻ അവസാനിപ്പിക്കണമെന്നും പലസ്തീൻ പ്രദേശങ്ങളിലെ സയണിസ്റ്റ് അധിനിവേശം അവസാനിപ്പിക്കണമെന്നും ജിസിസി നേതാക്കൾ ആഹ്വാനം ചെയ്തു.
സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവത്കരണം വഴി മേഖലയിലെ വികസനം ത്വരിതപ്പെടുത്താൻ കുവൈത്ത് അമീർ വ്യക്തമാക്കി. സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ ഏകീകൃത നയങ്ങളും പാരമ്പര്യേതര വരുമാനവും പ്രധാനമാണ്. സാമ്പത്തിക രംഗത്തെ മത്സരക്ഷമത വർധിപ്പിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്നും അമീർ പറഞ്ഞു.
സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, ഒമാൻ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് അൽ സൈദ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽതാനി തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുത്തു.