കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറക് അൽ കബീർ ഗവർണറേറ്റിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ ആണ് ഇക്കാര്യം അറിയിച്ചത്. ആറ് ഗവർണറേറ്റുകളിലെ 18 പ്രധാന റോഡ് അറ്റകുറ്റപ്പണി പദ്ധതിയുടെ ഭാഗമായാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
പൊതുമരാമത്ത് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. അറ്റകുറ്റപ്പണികളുടെ ഭാഗമായി ചില റോഡുകൾ അടച്ചിടാൻ സാധ്യതയുണ്ടെന്ന് മന്ത്രി അറിയിച്ചു.
സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി പൂർണമായ സഹകരണം ആവശ്യമാണെന്ന് അധികൃതർ അഭ്യർത്ഥിച്ചു.