കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസിയാണ് കുവൈത്ത് ദിനാറെന്ന് റിപ്പോർട്ട്. ഫോർബ്സ് ഇന്ത്യ, ഇൻവെസ്റ്റോപീഡിയ തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 3.23 യുഎസ് ഡോളറാണ്. കഴിഞ്ഞ വർഷം ഇത് $3.12 നും $3.30 നും ഇടയിലായിരുന്നു. 280 രൂപയാണ് ഒരു കുവൈത്ത് ദിനാറിന് നിരക്ക്. കുവൈത്ത് ദിനാറിന് ശേഷം ബഹ്റൈൻ ദിനാർ, ഒമാനി റിയാൽ, ജോർദാനിയൻ ദിനാർ, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് എന്നിവയാണ് ആദ്യ സ്ഥാനങ്ങളിലുള്ള ഇതര കറൻസികൾ.
ഇപ്പോൾ ബഹ്റൈൻ ദീനാറിന് 2.65 ഡോളർ മൂല്യമുണ്ട്. കഴിഞ്ഞ ഒരു വർഷം ബഹ്റൈൻ ദീനാറിന്റെ മൂല്യം രേഖപ്പെടുത്തിയത് 2.54 ഡോളറിനും 2.65നും ഇടയിലാണ്. കഴിഞ്ഞ ഒരു വർഷമായി ബഹ്‌റൈൻ ദീനാർ സ്ഥിരത പുലർത്തുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ലോകത്തിലെ ഏറ്റവും മൂല്യമേറിയ മൂന്നാമത്തെ കറൻസിയാണ് ഒമാനി റിയാൽ. ഒരു ഒമാനി റിയാലിന് 2.59 യുഎസ് ഡോളറാണ് നിലവിലെ മൂല്യം. കഴിഞ്ഞ വർഷം $2.49 നും $2.60 നും ഇടയിലായിരുന്നു. ഒരു റിയാലിന് 225 ഇന്ത്യൻ രൂപയാണ് നിരക്ക്.