കുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികളുടെ അക്കാദമിക് സർട്ടിഫിക്കറ്റുകളും അക്കാദമിക് യോഗ്യതകളും അംഗീകരിക്കുന്നതിനുള്ള ഇടപാടുകൾ ത്വരിതപ്പെടുത്തുന്നതിന് പുതിയ ഇലക്ട്രോണിക് സംവിധാനം വികസിപ്പിക്കാൻ കുവൈത്ത്. ഇതിനായി മാനവശേഷി പൊതു സമിതി ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപനം നടത്തി വരികയാണെന്ന് റിപ്പോർട്ട് ഉണ്ട്.
നിലവിൽ അക്കാദമിക് സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം ലഭിക്കുന്നതിന് നീണ്ട കാലതാമസമാണ് നേരിടുന്നത്. ഇതുമൂലം വിസ പുതുക്കുന്നത് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുവാൻ തടസ്സങ്ങൾ നേരിടുന്നതായി നിരവധി പ്രവാസികളിൽ നിന്ന് പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിനായി പ്രത്യേക ഇലക്ട്രോണിക് സംവിധാനം വികസിപ്പിക്കുന്നത്. മാനവ ശേഷി സമിതിയും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും തമ്മിൽ ഇലക്ട്രോണിക് വഴി നേരിട്ട് ബന്ധിപ്പിക്കുന്ന ഈ സംവിധാനത്തിന്റെ അന്തിമ ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ പ്രവാസികളുടെ അക്കാദമിക് സർട്ടിഫിക്കറ്റുകളും അക്കാദമിക് യോഗ്യതകളും അംഗീകരിക്കുന്നതിനുള്ള കാല താമസം ഒഴിവാകും.