കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റം അനുവദിക്കുന്നതിന് നേരത്തെ ഏർപ്പെടുത്തിയ നിബന്ധനകൾ റദ്ദ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം ഇതുസംബന്ധിച്ച് അംഗീകാരം നൽകിയതായി പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. പുതിയ തീരുമാന പ്രകാരം, നിലവിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് സ്വകാര്യ മേഖലയിലേക്ക് നിബന്ധനകൾ കൂടാതെ വിസ മാറ്റം നടത്താം.
ഇതിനായി ജീവനക്കാരന് തന്റെ വിദ്യാഭ്യാസ യോഗ്യതകൾ പുതിയ ജോലിയുമായി പൊരുത്തപ്പെടാത്തവയാണെങ്കിലും പുതിയ ജോലിയുടെ സ്വഭാവം പഴയ ജോലിയിൽ നിന്ന് വ്യത്യസ്തമാണെങ്കിലും എളുപ്പത്തിൽ വിസ മാറ്റാൻ സാധിക്കും. നേരത്തെ, സർക്കാർ മേഖലയിലെ ജീവനക്കാർക്ക് സ്വകാര്യ മേഖലയിലേക്ക് മാറുന്നതിനു ഈ വ്യവസ്ഥകൾ ബാധകമാക്കിയിരുന്നു. രാജ്യത്തെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നടപടി.