കുവൈത്ത് സിറ്റി: പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വ്യാജ വെബ്സൈറ്റുകളിൽ ചതിക്കപ്പെടാതിരിക്കാൻ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു. സെർച്ച് എഞ്ചിനുകൾ, സമൂഹമാധ്യമങ്ങൾ വഴി ഗതാഗത വകുപ്പിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത് സർക്കാരിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ സാഹേൽ മുഖേനയാണ്. ഗതാഗത നിയമലംഘനങ്ങൾക്ക് പിഴത്തുകയിൽ ഡിസ്‌കൗണ്ട് ഉണ്ടെന്ന് തരത്തിലുള്ള വ്യാജ സന്ദേശങ്ങളിൽ ആരും വീഴരുതെന്നാണ് നിർദ്ദേശം. ഇത്, നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർത്തി പണം അപഹരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയത്.
പൊതുജനങ്ങൾ സർക്കാരിന്റെ സേവനങ്ങൾക്ക് സാഹേൽ ആപ്ലിക്കേഷൻ ഉപയോഗിക്കുക, സംശയാസ്പദമായ ലിങ്കുകൾ ഒഴിവാക്കുക. വെബ്സൈറ്റുകൾ കൃത്യമായി മനസ്സിലാക്കി ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് അധികൃതർ മുന്നോട്ടുവെച്ചിരിക്കുന്നത്. ബാങ്ക് രേഖകൾ വിശ്വാസയോഗ്യമല്ലാത്ത വെബ്സൈറ്റുകളിൽ പങ്ക് വയ്ക്കാതിരിക്കണമെന്നും നിർദ്ദേശമുണ്ട്.