കുവൈത്ത് സിറ്റി: കുവൈത്തിൽ ‘ഫോൺ ഇല്ലാതെ വാഹനമോടിക്കൽ’ എന്ന പ്രമേയത്തിൽ നടന്ന ഏകീകൃത ഗൾഫ് ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായി വിവിധ നിയമ ലംഘനങ്ങളെ തുടർന്ന് ഫയലുകൾ ബ്ലോക്ക് ചെയ്യപ്പെട്ട സ്വദേശികളും വിദേശികളുമായ 24230 പേരുടെ നിരോധനം നീക്കി.
നിശ്ചിത പിഴ അടച്ചു കൊണ്ടാണ് നിരോധനം നീക്കിയത്. ഇതിനു പുറമെ വിവിധ നിയമ ലംഘനങ്ങളെ തുടർന്ന് പിടിച്ചെടുത്ത 163 വാഹനങ്ങളും 87 മോട്ടോർ സൈക്കിളുകളും പിഴയടച്ച ശേഷം ഉടമകൾക്ക് വിട്ടുകൊടുത്തു.അൽ ഖൈറാൻ മാൾ, അവന്യൂസ് മാൾ എന്നിവിടങ്ങളിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരുന്നത്.
ഗതാഗത നിയമ ലംഘനങ്ങളും അപകടങ്ങളും കുറക്കുന്നതിന്റെ ഭാഗമായി സാമൂഹിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഗതാഗത അവബോധം പ്രചരിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.