കുവൈത്ത് സിറ്റി: കുവൈത്തിൽ റെസിഡൻസി-തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പിടിയിലായത് 411 പേർ. ഏപ്രിൽ 13 മുതൽ 17 വരെ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ സുരക്ഷാ പരിശോധനയിലാണ് നിയമ ലംഘകർ പിടിയിലായത്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസാണ് ഇവരെ പിടികൂടിയത്.
പിടിയിലായവരെ മറ്റ് നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. പൊതു സുരക്ഷ ഉറപ്പാക്കാൻ എല്ലാ ലംഘകർക്കുമെതിരെ നിയമം കർശനമായി നടപ്പാക്കാനുള്ള പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം ഉയർത്തിക്കാട്ടി. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ഏതെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിക്കുകയും ചെയ്തു.