കുവൈത്ത് സിറ്റി: അംഗീകാരമില്ലാത്ത സ്ഥലങ്ങളിൽ ഫുഡ് ട്രക്കുകൾ പ്രവർത്തിച്ചാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. അംഗീകാരമില്ലാത്ത സ്ഥലങ്ങളിലെ ഇത്തരം പ്രവർത്തനങ്ങൾ മന്ത്രി തല നിയമങ്ങളുടെ ലംഘനമാണെന്നാണ് മുന്നറിയിപ്പ്. കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
ലൈസൻസ് സ്ഥിരമായി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാകും നിയമ ലംഘകർക്കെതിരെ ഉണ്ടാകുന്നത്. ബിസിനസിന്റെ സുഗമമായ നടത്തിപ്പിന് ലൈസൻസ് ഉടമകൾ നിർദിഷ്ട നിയമങ്ങൾ കർശനമായി പാലിക്കണം എന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം നവംബർ മാസം കുവൈത്തിൽ 19 ഫുഡ് ട്രക്കുകളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ലൊക്കേഷൻ, ലൈസൻസ് ആവശ്യകതകൾ തുടങ്ങിയവ പാലിക്കാത്തതിനെത്തുടർന്നായിരുന്നു നടപടി. കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അൽ അജിൽ ആണ് ട്രക്കുകളുടെ ലൈസൻസ് റദ്ദാക്കിയത്.