കുവൈത്ത് സിറ്റി: 2024 ഡിസംബർ അവസാനത്തോടെ രാജ്യത്തെ കുവൈത്തി പൗരന്മാരുടെ എണ്ണം 1,567,983 ആയി ഉയർന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തു വിട്ട സ്ഥിതിവിവര കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതേ കാലയളവിൽ രാജ്യത്തെ മൊത്തം ജനസംഖ്യ 4,987,826 ആണെന്നും സ്ഥിതി വിവര കണക്കിൽ സൂചിപ്പിക്കുന്നു.
കുവൈത്തികളിൽ പുരുഷന്മാരുടെ എണ്ണം 773,060, ആയും സ്ത്രീകളുടെ എണ്ണം 794,923 ആയും ഉയർന്നു. രാജ്യത്തെ ആകെ പ്രവാസികളുടെ എണ്ണം 3,419,843 ആണ്. അതായത് രാജ്യത്തെ മൊത്തം ജന സംഖ്യയിൽ 31 ശതമാനം പേർ സ്വദേശികളും 69 ശതമാനം പ്രവാസികളുമാണ്.
അതേസമയം, രാജ്യത്തെ പ്രവാസികളുടെ എണ്ണത്തിൽ ഇപ്പോഴും മുന്നിലുള്ളത് ഇന്ത്യക്കാർ തന്നെയാണ്. ഈജിപ്റ്റ്, ബംഗ്ലാദേശ്, ഫിലിപ്പിൻസ്, സിറിയ, ശ്രീലങ്ക, സൗദി, നേപ്പാൾ, പാകിസ്ഥാൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ.
സർക്കാർ സ്ഥാപനങ്ങളിലെ കുവൈത്തി ജീവനക്കാർ 78 ശതമാനവും പ്രവാസി ജീവനക്കാർ 22 ശതമാനമാണെന്നും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 4 ശതമാനം കുവൈത്തി ജീവനക്കാർ മാത്രമാണ് രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്.