കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ വിസ സ്റ്റാമ്പിങ്ങ് നടപടികൾക്ക് മുന്നോടിയായി നടത്തുന്ന വൈദ്യ പരിശോധനയിൽ ഉൾപ്പെട്ട എച്ച്‌ഐവി ആന്റിബോഡി ടെസ്റ്റിലെ ഫലം കൃത്യവും വ്യക്തവും അല്ലാത്ത സാഹചര്യത്തിൽ അപേക്ഷകർ നിശ്ചിത ഫീസ് നൽകി രണ്ട് അധിക പരിശോധനകൾക്ക് കൂടി വിധേയരാകണം. ഈ പരിശോധനയിലും അയോഗ്യരാകുന്ന അപേക്ഷകരെ കുവൈത്തിലേക്ക് ആജീവാനന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കും.
ആരോഗ്യ മന്ത്രി ഡോ അഹമദ് അൽ അവാദിയാണ് ഇത് സംബന്ധിച്ച പുതിയ ഉത്തരവ് ഇറക്കിയത്. നിലവിൽ പ്രവാസികളുടെ വിസ സ്റ്റാമ്പിങ്ങ് നടപടികൾക്ക് മുന്നോടിയായി നടത്തുന്ന വൈദ്യ പരിശോധനയിൽ പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) ടെസ്റ്റ് വഴിയാണ് എയ്ഡ്‌സ് രോഗനിർണ്ണയം നടത്തുന്നത്. എന്നാൽ രോഗം സംശയിക്കപ്പെടുന്ന അപേക്ഷകരെ രണ്ട് വീതം അധിക ആന്റിബോഡി പരിശോധനകൾക്കും പിസിആർ പരിശോധനകൾക്കും വിധേയരാക്കണമെന്നും പുതിയ ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നു. ഹെപ്പറ്റൈറ്റിസ് സി പരിശോധനയിൽ ഫലം വ്യക്തമല്ലാത്ത കേസുകൾ കൈകാര്യം ചെയ്യുന്നതിനും പുതിയ തീരുമാനം ബാധകമായിരിക്കും.
ഇത്തരം കേസുകളിൽ ആരോഗ്യസ്ഥിതി നിർണ്ണയിക്കുന്നതിനുള്ള ബദൽ മാർഗ്ഗമായി പി സി ആർ പരിശോധന നടത്തുന്നത് നിരോധിച്ചതായും ഫലങ്ങളുടെ കൃത്യതയും സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.