കുവൈത്ത് സിറ്റി: അടുത്ത ദിവസങ്ങളിലും രാജ്യത്ത് ശക്തമായ കാറ്റ് തുടരുമെന്ന് കുവൈത്ത്. കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽഅലി ആണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥയിൽ ക്രമേണ പുരോഗതി പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദമാണ് നിലവിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കി.
വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായി വീശും. ഇതിന്റെ ഫലമായി പൊടിപടലങ്ങൾ ഉയരുകയും, ദൃശ്യപരത കുറയുകയും ചെയ്യും. ഇന്നും നാളെയും മണിക്കൂറിൽ 35 മുതൽ 65 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. പകൽ സമയത്ത് ചൂടും പൊടിയുമാണ് പ്രതീക്ഷിക്കുന്നത്. പരമാവധി താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതായും രാത്രി 30 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.