കുവൈത്ത് സിറ്റി: യാത്രക്കാരുടെ സുരക്ഷക്കാണ് മുൻ തൂക്കം നൽകുന്നതെന്ന് കുവൈത്ത് എയർവേയ്സ്. കുവൈത്ത് എയർവേയ്‌സ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൾ മൊഹ്സെൻ അൽ-ഫഖാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശിക സാഹചര്യങ്ങളെ തുടർന്ന് യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ നിരവധി മുൻകരുതൽ നടപടികളാണ് തങ്ങൾ സ്വീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു..
വിമാന ഷെഡ്യൂൾ സാധാരണ നിലയിലായതിനുശേഷം നിലവിൽ പൂർണ്ണ ശേഷിയിൽ പ്രവർത്തനങ്ങൾ തുടരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷാ സംഘർഷങ്ങൾ നേരിടുന്ന രാജ്യങ്ങളിലെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്നത് ഒഴിവാക്കുവാൻ മുമ്പും നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അപകടസാധ്യതകൾ ഒഴിവാക്കാൻ നിരവധി വിമാനങ്ങൾ ജിദ്ദയിലേക്കും കെയ്റോയിലേക്കും വഴിതിരിച്ചുവിട്ടുകൊണ്ടാണ് ഈ പദ്ധതികൾ നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.