കുവൈത്ത് സിറ്റി: സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിൽ ആകൃഷ്ടരായി അനധികൃത വെബ്‌സൈറ്റുകളിൽ നിന്ന് വിമാന ടിക്കറ്റുകൾ വാങ്ങരുതെന്ന് പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് നാഷണൽ ബാങ്ക് ഓഫ് കുവൈത്ത്. കുവൈത്ത് റിസർവ് ബാങ്ക് അധികൃതർ ആരംഭിച്ച ബോധവൽക്കരണ ക്യാംപെയ്‌ന്റെ ഭാഗമായാണ് ഈ നിർദ്ദേശം. രാജ്യത്തെ ജനങ്ങൾക്കിടയിൽ സാമ്പത്തിക അവബോധം വളർത്താൻ ലക്ഷ്യമിട്ടാണ് ബോധവത്കരണ ക്യാപെയ്ൻ നടത്തുന്നത്.
പ്രാദേശിക ബാങ്കുകളുടെയും കുവൈത്ത് ബാങ്കിങ് അസോസിയേഷനുകളുടെയും പങ്കാളിത്തത്തോടെ ‘നമുക്ക് ജാഗ്രത പാലിക്കാം’ എന്ന തലക്കെട്ടിലാണ് ബോധവൽക്കരണ ക്യാംപെയ്‌ന് തുടക്കമിട്ടത്. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിൽ ആകൃഷ്ടരായി വ്യാജ എയർലൈൻ, ഇവന്റ് ടിക്കറ്റുകൾ എന്നിവ ബുക്ക് ചെയ്യുമ്പോൾ വ്യക്തിഗത വിവരങ്ങളും പണവുമാണ് നഷ്ടപ്പെടുന്നതെന്നും അധികൃതർ അറിയിച്ചു. സംശയാസ്പദവും അനധികൃതവുമായ അക്കൗണ്ടുകൾ, പേജുകൾ എന്നിവയിൽ നിന്നാണ് ഇത്തരം പരസ്യങ്ങൾ എത്തുന്നത്. കമ്പനികൾ, വെബ്‌സൈറ്റുകൾ, ഏജന്റുകൾ തുടങ്ങി വിമാന ടിക്കറ്റുകളുടെ റിസർവേഷൻ കൈകാര്യം ചെയ്യുന്നത് ആരു തന്നെയായാലും പണം അടയ്ക്കുന്നതിന് മുൻപ് അവരുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.