കുവൈത്ത് സിറ്റി: പ്രവാസി കുടുംബങ്ങളുടെ പാർപ്പിട കേന്ദ്രങ്ങളിൽ ബാച്ചിലർമാർ താമസിക്കുന്നതിനു നിരോധനം ഏർപ്പെടുത്താൻ കുവൈത്ത്. ഇതുസംബന്ധിച്ച കരട് നിയമത്തിന് കുവൈത്ത് രൂപം നൽകി. ജലീബ് അൽ-ശുയൂഖ് പ്രദേശത്ത് നിലവിൽ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിന് തയ്യാറാക്കിയ 7 ഇന പദ്ധതികളുടെ ഭാഗമായാണ് കരട് നിയമത്തിന് രൂപം നൽകിയിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് മുതൽ അഞ്ച് വർഷം വരെയുള്ള കാലയളവിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയിൽ ആറ് ലേബർ സിറ്റികൾ സ്ഥാപിക്കുവാനും നാല് ലക്ഷത്തോളം ബാചിലർമാർക്ക് താമസിക്കുവാൻ കഴിയുന്ന 12 തൊഴിലാളി ഭവന സമുച്ചയങ്ങളുടെ നിർമ്മാണവും ഉൾപ്പെടുന്നു. വ്യാവസായിക പ്ലോട്ടുകളിലും കാർഷിക മേഖലകളിലും മാത്രമായി തൊഴിലാളികളുടെ പാർപ്പിട കേന്ദ്രം അനുവദിക്കുക, തൊഴിലാളികളുടെ മേൽ വിലാസം പ്രോജക്റ്റ് സൈറ്റുകളുമായി ബന്ധിപ്പിക്കുക, മുതലായവയാണ് കരട് നിയമത്തിലെ മറ്റു പ്രധാന നിർദേശങ്ങൾ.
ജിലീബ് മേഖലയിലെ ബാച്ചിലർമാരുടെ എണ്ണം കുറയ്ക്കുക, സുരക്ഷാ വെല്ലുവിളികൾ ലഘൂകരിക്കുക, തൊഴിലാളി യൂണിയനുകൾ വഴി മേഖലയിലെ ജനസാന്ദ്രത കുറയ്ക്കുക എന്നിവ ലക്ഷ്യമാക്കി കൊണ്ടാണ് പുതിയ കരട് നിയമം തയ്യാറാക്കിയിരിക്കുന്നത്.