കുവൈത്ത് സിറ്റി: കുവൈത്തിൽ വിസിറ്റ് വിസകൾക്കായി ഇനി ഓൺലൈനിൽ അപേക്ഷ നൽകാം. നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നാല് ഇനം സന്ദർശക വിസകൾക്കായാണ് പുതിയ ഇ-സംവിധാനം ആരംഭിച്ചത്.
സന്ദർശക വിസയിൽ കുടുംബങ്ങളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന കുവൈത്തിലെ താമസക്കാർക്കും ടൂറിസം, ബിസിനസ്, ഔദ്യോഗിക ആവശ്യങ്ങൾക്കായി രാജ്യത്തേക്ക് എത്തുന്ന സന്ദർശകർക്കും ഇനി ഓൺലൈനിൽ വിസയ്ക്ക് അപേക്ഷ നൽകാം. ടൂറിസ്റ്റ്, കുടുംബ, വാണിജ്യ, ഔദ്യോഗിക വിസകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ടൂറിസ്റ്റ് വിസകൾക്ക് മൂന്നു മാസവും കുടുംബ, വാണിജ്യ, ഔദ്യോഗിക വീസകൾക്ക് 30 ദിവസവുമാണ് കാലാവധി.
കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾക്ക് കുവൈത്തിൽ നടക്കുന്ന യോഗങ്ങളിലും ഇവന്റുകളിലും മറ്റും പങ്കെടുക്കാന് വേണ്ടിയാണ് വാണിജ്യ വിസകൾ അനുവദിക്കുന്നത്. ഔദ്യോഗിക വിസകൾ അനുവദിക്കുന്നത് സർക്കാർ പരിപാടികളിൽ പങ്കെടുക്കാനായി വിദേശങ്ങളിൽ നിന്നെത്തുന്ന ഉദ്യോഗസ്ഥർക്കും സർക്കാർ പ്രതിനിധികൾക്കുമാണ്.