കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ കോടതി ഫീസ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു കൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രാബല്യത്തിൽ. രാജ്യത്ത് കോടതി ഫീസു നിരക്കുകൾ പുതുക്കി നിശ്ചയിച്ചിരിക്കുന്നത് 52 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ്. നിയമ നടപടികളുടെ ഗൗരവം ഉയർത്തുക, അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ കേസുകൾക്കെതിരെ നടപടിയെടുക്കുക, കോടതി ഇതര തർക്ക പരിഹാര ബദൽ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നടപടി.
ഇതിനു പുറമെ അര നൂറ്റാണ്ടിന് ഇടയിൽ ഉണ്ടായ പണപ്പെരുപ്പം, ആളോഹരി വരുമാനത്തിലും സേവന ഇനത്തിലുമുള്ള ചിലവ് വർധനവ് മുതലായ ഘടകങ്ങൾ കൂടി പരിഗണിച്ചു കൊണ്ടാണ് ഇത്. കേസുകളുടെ പ്രവാഹവും, വിചാരണ സമയങ്ങൾക്ക് നേരിടുന്ന കാല താമസം കുറയ്ക്കുന്നതിനും, കോടതി ഇതര മാർഗ്ഗങ്ങളിലൂടെ തർക്കം പരിഹരിക്കുന്നതിനുള്ള അനുരഞ്ജന ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നിരക്ക് വർദ്ധനവ് സഹായകമാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.