കുവൈത്ത് സിറ്റി: ആഗോള സന്തോഷ സൂചികയിൽ ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കുവൈത്ത്. ആഗോള തലത്തിൽ 30-ാം സ്ഥാനമാണ് കുവൈത്തിനുള്ളത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ വെൽബീയിംഗ്, ഗാലപ്പ്, യുണൈറ്റഡ് നേഷൻസ് സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്വർക്ക് എന്നിവയുമായി സഹകരിച്ച് പ്രസിദ്ധീകരിച്ച 2025 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പട്ടികയിലാണ് കുവൈത്ത് ഈ നേട്ടം കരസ്ഥമാക്കിയത്.
സാമൂഹിക ഐക്യം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമൂഹ വിശ്വാസം തുടങ്ങിയ സൂചകങ്ങളിലും കുവൈത്ത് പ്രകടമായ പുരോഗതിയാണ് കൈവരിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സംഭാവന സൂചികയിൽ ആഗോള തലത്തിൽ 33-ാം സ്ഥാനവും സന്നദ്ധപ്രവർത്തനത്തിൽ 46-ാം സ്ഥാനവുമാണ് കുവൈത്ത് കരസ്ഥമാക്കിയത്.
2022 മുതൽ 2024 അവസാനം വരെ, വ്യക്തികൾ അവരുടെ ജീവിതത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ എന്നിവയുടെ ശരാശരി വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സംഭാവന സൂചികയിൽ 33-ാം സ്ഥാനത്തും, സന്നദ്ധസേവനത്തിൽ 46-ാം സ്ഥാനത്തും, അപരിചിതരെ സഹായിക്കുന്നതിൽ 27-ാം സ്ഥാനത്തുമാണ് ആഗോള തലത്തിൽ കുവൈത്ത് സ്ഥാനം പിടിച്ചത്. സന്തോഷ സൂചികയിൽ അറബ് ലോകത്ത് യുഎഇയാണ് കുവൈത്തിനു മുന്നിലുള്ളത്. ഈ വിഭാഗത്തിൽ ആഗോളതലത്തിൽ 21-ാം സ്ഥാനത്തും ഗൾഫിൽ ഒന്നാം സ്ഥാനത്തുമാണ് യുഎഇ ഇടം നേടിയത്.