കുവൈത്ത് സിറ്റി: കുവൈത്തികൾക്ക് ഇന്ത്യയിലേക്ക് ഇ വിസ സംവിധാനം ആരംഭിച്ചു. അഞ്ച് വർഷത്തെ കാലാവധയിൽ ആയിരിക്കും ഇ-വിസ ലഭിക്കുക. ഇന്ത്യ സന്ദർശിക്കുവാൻ ആഗ്രഹിക്കുന്ന കുവൈത്തികൾക്ക് പൂർണ്ണമായും ഓൺലൈൻ വഴി അപേക്ഷിക്കാൻ അനുവദിക്കുന്ന പുതിയ സംവിധാനം ആരംഭിച്ചതായി ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഇത് പ്രകാരം കുവൈത്തികൾക്ക് , വിസ സെന്ററുകളിലോ എംബസിയിലോ സന്ദർശിക്കാതെ തന്നെ ഇന്ത്യയിലേക്കുള്ള വിസകൾ ലഭ്യമാകും. എന്നാൽ ഓൺലൈൻ ഇടപാടുകൾ കൈകാര്യം ചെയ്യാൻ അറിയാത്തവർക്ക് ഇതിനായി വിസ കേന്ദ്രങ്ങൾ വഴി ഇപ്പോഴും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ടൂറിസ്റ്റ്, ബിസിനസ്, മെഡിക്കൽ, ആയുഷ്/യോഗ, കോൺഫറൻസ് എന്നീ അഞ്ച് വിഭാഗങ്ങളിലാണ് ഇ-വിസ ലഭ്യമാകുക. ഇന്ത്യയിലേക്കും തിരിച്ചും നിരവധി തവണ യഥേഷ്ടം യാത്ര ചെയ്യാവുന്ന ആറുമാസം മുതൽ അഞ്ചു വര്ഷം വരെ കാലാവധിയുള്ള വിസയാണ് അനുവദിക്കുക. നാല്പത് ഡോളർ മുതൽ പരമാവധി എൺപത് ഡോളർ വരെയാണ് വിസ ഫീസ് നിരക്ക്. യാത്ര തിയ്യതിയുടെ നാല് ദിവസം മുമ്പെങ്കിലും ഫീസ് അടച്ചിരിക്കണം. ഇ വിസ സംവിധാനം ആരംഭിക്കുവാൻ കുവൈത്തി പൗരന്മാർ ദീർഘകാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു എന്നും ഇതിന്റെ സാക്ഷാൽകാരമാണ് ഇതെന്നും സ്ഥാനപതി അറിയിച്ചു. കഴിഞ്ഞ വർഷം 8,000-ത്തിലധികം കുവൈത്തി വിനോദസഞ്ചാരികൾ ഇന്ത്യ സന്ദർശിച്ചുവെന്നും, പുതിയ സംവിധാനം ടൂറിസം, ബിസിനസ്സ്, ആരോഗ്യ സംരക്ഷണ യാത്ര എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.