കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളിയെ അജ്ഞാതൻ കുത്തിപ്പരിക്കേൽപ്പിച്ചു. മൻഗഫിലാണ് സംഭവം. കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവിനാണ് നട്ടെല്ലിന് കുത്തേറ്റത്. പണം നൽകാൻ വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. പരിക്കേറ്റ യുവാവിനെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ മൻഗഫ് പഴയ ഫിംഗർ ഓഫീസ് ഗ്രൗണ്ടിന് സമീപമാണ് സംഭവം ഉണ്ടായത്. നടന്നുപോവുകയായിരുന്ന യുവാവിനെ സമീപിച്ച അജ്ഞാതൻ പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ, അക്രമി താൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് ഭീഷണിപ്പെടുത്തുകയും സിവിൽ ഐഡി കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഐഡി നൽകാൻ വിസമ്മതിച്ചതോടെ, അക്രമി യുവാവിനെ പിന്നിൽ നിന്ന് കത്തികൊണ്ട് കുത്തുകയായിരുന്നു.