കുവൈത്ത് സിറ്റി: ഗാർഹിക വിസയിൽ കുവൈത്തിൽ എത്തുന്ന ഇന്ത്യൻ പുരുഷ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35,000-ത്തിലധികം ഇന്ത്യൻ പുരുഷ തൊഴിലാളികളുടെ കുറവാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
2024 മാർച്ച് അവസാനത്തോടെ ഗാർഹിക വിസയിൽ രണ്ട് ലക്ഷത്തി നാല്പത്തി എട്ടായിരം ഇന്ത്യൻ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. എന്നാൽ, 2025 മാർച്ച് അവസാനത്തോടെ ഇത് രണ്ട് ലക്ഷത്തി പന്ത്രണ്ടായിരമായി ചുരുങ്ങി. ഗാർഹിക വിസയിൽ രാജ്യത്ത് എത്തുന്ന ഇന്ത്യൻ പുരുഷ തൊഴിലാളികളിൽ ബഹു ഭൂരിഭാഗവും സ്‌പോൺസർക്ക് കീഴിൽ അല്ലാതെ പുറത്തു മറ്റു ജോലികൾ ചെയ്യുന്നവരാണ്. കഴിഞ്ഞ വർഷത്തിന്റെ തുടക്കം മുതൽ ആരംഭിച്ച ശക്തമായ സുരക്ഷാ പരിശോധനയെ തുടർന്ന് സ്‌പോൺസർക്ക് കീഴിൽ അല്ലാതെ ജോലി ചെയ്യുന്ന നിരവധി പേർ പിടിയിലാകുകയും അനധികൃതമായി ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യം മൂലം പലരും രാജ്യം വിട്ടു പോകുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് ഗാർഹിക മേഖലയിൽ ഇന്ത്യൻ പുരുഷ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയാൻ കാരണമായാത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം രാജ്യത്ത് ഗാർഹിക മേഖലയിൽ ഫിലിപ്പീനോ തൊഴിലാളികളുടെ എണ്ണത്തിൽ ഏകദേശം 25 ശതമാനം കുറവ് രേഖപ്പെടുത്തി. ഈ കാലയളവിൽ ഫിലിപ്പീനോ ഗാർഹിക തൊഴിലാളികൾക്ക് പകരക്കാരായി നേപ്പാളിൽ നിന്നും ഏകദേശം 21,000 പുതിയ തൊഴിലാളികളും ശ്രീലങ്കയിൽ നിന്ന് 14,000 പേരും എത്തിയതായാണ് സ്ഥിതി വിവര കണക്ക് സൂചിപ്പിക്കുന്നത്.9