കുവൈത്ത് സിറ്റി: കുവൈത്തിൽ വിസക്കച്ചവട സംഘം അറസ്റ്റിലായി. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള സംഘമാണ് അറസ്റ്റിലായത്. താമസ കാര്യ വകുപ്പിലെ കുറ്റാന്വേഷണ വിഭാഗമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. 4 സ്ഥാപനങ്ങളുടെ ഉടമയും ഇരുപത്തി അഞ്ചോളം സ്ഥാപനങ്ങളുടെ ഒപ്പ് അധികാരവുമുള്ള സ്വദേശിയുടെ സ്ഥാപനത്തിന്റെ പേരിലാണ് ഇവർ വിസക്കച്ചവടം നടത്തിയത്.
രാജ്യത്തിന്റെ പുറത്തു നിന്നും കുവൈത്തിൽ നിന്നുമായി നിരവധി തൊഴിലാളികളെ സ്ഥാപനത്തിന് കീഴിൽ വിസ മാറ്റം നടത്തിയതായി അന്വേഷണ ത്തിൽ കണ്ടെത്തി. 350 ദിനാർ മുതൽ 1200 ദിനാർ വരെ പണം ഈടാക്കിയാണ് വിദേശത്ത് നിന്നും ഇവർ തൊഴിലാളികളെ കൊണ്ടു വരികയും കുവൈത്തിൽ നിന്ന് സ്ഥാപനത്തിലേക്ക് വിസ മാറ്റം നടത്തുകയും ചെയ്തത്. രണ്ട് ഇന്ത്യക്കാരും സിറിയക്കാരുമാണ് ഇതിനായി ഇട നിലക്കാരായി പ്രവർത്തിച്ചത്. പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതർ കൂട്ടിച്ചേർത്തു.