കുവൈത്ത് സിറ്റി: കുവൈത്തിലെ ജനസംഖ്യ 5 ദശലക്ഷം കടന്നതായി കണക്കുകൾ. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ വർഷം ആദ്യ പകുതി അവസാനിച്ചതോടെ ഇത് 5.098 ദശലക്ഷത്തിലെത്തി.
അതോറിറ്റി പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 30 ശതമാനം, അതായത് 1.55 ദശലക്ഷം സ്വദേശികളാണ്. 35 ലക്ഷത്തി 47 ആയിരം പ്രവാസികളാണ് രാജ്യത്ത് ഉള്ളത്. ഇവരിൽ 29 ശതമാനവും അതായത് 1.036 ദശലക്ഷം പേരും ഇന്ത്യക്കാരാണ്. ഈജിപ്തുകാരാണ് പ്രവാസി ജനസംഖ്യയിൽ ഇന്ത്യക്കാർക്ക് തൊട്ടു പിന്നിലായുള്ളത്. 6,61,318 പേർ. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 17 ശതമാനം 15 വയസ്സിന് താഴെയുള്ളവരും 80 ശതമാനം 15 നും 64 നും ഇടയിലും പ്രായമുള്ളവരുമാണ്. 65 വയസ്സിനു മുകളിലുള്ളവർ ജനസംഖ്യയുടെ 3 ശതമാനം മാത്രമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ജനസംഖ്യയുടെ 61 ശതമാനവും പുരുഷന്മാരാണ്, ആകെ 3.09 ദശലക്ഷം പുരുഷന്മാരും 2 ദശലക്ഷം സ്ത്രീകളും. രാജ്യത്തെ തൊഴിൽ മേഖലയിൽ ആകെ 22 ലക്ഷത്തി 83000 പേരാണ് ജോലി ചെയ്യുന്നത്. ഇതിൽ 519,989 പേർ സർക്കാർ മേഖലയിലും 17 ലക്ഷത്തി 63000 പേർ സ്വകാര്യ മേഖലയിലുമാണ് ജോലി ചെയ്യുന്നത്. സർക്കാർ മേഖലയിലെ പ്രവാസി തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പേർ ഈജിപ്തുകാരാണ്. സർക്കാർ മേഖലയിലെ മൊത്തം പ്രവാസി തൊഴിലാളികളിൽ 7.2 ശതമാനം പേർ ഈജിപ്ഷ്യൻ തൊഴിലാളികളാണ്. തൊട്ടു പിന്നിൽ 4.51 ശതമാനം ഇന്ത്യൻ തൊഴിലാളികളും.
സർക്കാർ മേഖലയിലെ മൊത്തം തൊഴിലാളികളിൽ 75.57 ശതമാനവും സ്വദേശികൾ ആണ്.
സ്വകാര്യ മേഖലയിലെ തൊഴിലാളികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്. 31.2 ശതമാനം. ഈജിപ്തുകാർ 24.8 ശതമാനമാണുള്ളത്. ഗാർഹിക തൊഴിൽ മേഖലയിൽ 10 രാജ്യക്കാരാണ് ഏറ്റവും അധികം ഉള്ളത്. രാജ്യത്ത് ആകെയുള്ള 822,794 ഗാർഹിക തൊഴിലാളികളിൽ , 58.2 ശതമാനവും സ്ത്രീകളാണ്. ഈ മേഖലയിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ തൊഴിലാളികളാണ്.
41.3 ശതമാനം. തൊട്ടു പിന്നിൽ 17.9 ശതമാനം ഫിലിപ്പീനോകളും, 17.6 ശതമാനം ശ്രീലങ്കക്കാരും ജോലി ചെയ്യുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.