കുവൈത്ത് സിറ്റി: സ്വദേശിവത്കരണം ശക്തമാക്കി കുവൈത്ത്. കുവൈത്തിലെ ഗവൺമെന്റ് കരാറുകൾക്ക് കീഴിലുള്ള ജോലികൾ കുവൈത്ത്‌വത്കരണം തുടരുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ (പിഎഎം) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റിന്റെ ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് അൽമുസൈനി അറിയിച്ചു. വൈദ്യുതി, ജലം, പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ പൊതു സ്ഥാപനങ്ങളിലെ കരാറുകൾ കുവൈത്ത്‌വത്കരിക്കുന്നതിന് പിഎഎം മന്ത്രാലയങ്ങളുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആരോഗ്യ മന്ത്രാലയവുമായി ചേർന്നുള്ള ആദ്യ ഘട്ടം പൂർത്തിയായതായി അദ്ദേഹം സ്ഥിരീകരിച്ചു. പൊതുമരാമത്ത് മന്ത്രാലയവുമായി ബോധവൽക്കരണ പരിപാടികളും അഭിമുഖങ്ങളും ആരംഭിച്ചു. അപേക്ഷകൾ തരംതിരിച്ചു വരികയാണെന്നും തൊഴിൽ വിപണിയിൽ സന്തുലിതാവസ്ഥ കൈവരിക്കാനുള്ള ദേശീയ നയത്തിന് അനുസൃതമായി അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
കുവൈത്തികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനായി ആരോഗ്യ, ഹോട്ടൽ മേഖലകളിൽ കുവൈത്ത്‌വത്കരിക്കൽ അതോറിറ്റി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.