കുവൈത്ത് സിറ്റി: കുവൈത്തിൽ അപൂർവയിനം മണൽ പൂച്ചയെ കണ്ടെത്തി. കുവൈത്ത് പരിസ്ഥിതി സംരക്ഷണ സമിതി പക്ഷി നിരീക്ഷണ, സംരക്ഷണ സംഘത്തിലെ അംഗമായ തലാൽ അൽ-മുവൈസ്രിയാണ് ഇക്കാര്യം അറിയിച്ചത്.
നഗര പ്രദേശത്തെ ശബ്ദ കോലാഹലങ്ങളിൽ നിന്ന് വളരെ അകലെയുള്ള മരു പ്രദേശങ്ങളിൽ, അപൂർവ ജീവികളിൽ ഒന്നാണ്, സാൻഡ് ക്യാറ്റ് അഥവാ മണൽ പൂച്ച. പൊതുവെ ഏകാന്ത ജീവിതം നയിക്കുന്നവയാണ് ഇവ. പെൺപൂച്ചയും ആൺപൂച്ചയും ഇണചേരൽ സമയത്ത് മാത്രമാണ് കണ്ടുമുട്ടുന്നത്. ഇത് വർഷത്തിൽ മാർച്ച്, ഒക്ടോബർ മാസങ്ങളിൽ രണ്ടുതവണയാണ് സംഭവിക്കുക.
രണ്ട് മാസത്തെ ഗർഭധാരണത്തിനുശേഷം പെൺ പൂച്ച രണ്ട് മുതൽ ആറ് വരെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു. വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇവയെ യാദൃശ്ചികമായോ അല്ലെങ്കിൽ ദിവസങ്ങളോളം നടത്തുന്ന തെരച്ചിൽ വഴിയോ മാത്രമേ കണ്ടെത്താൻ സാധിക്കുകയുള്ളു. ഇത്തരം ജീവികളെ സംരക്ഷിക്കുന്നതിനും സമൂഹത്തിൽ പരിസ്ഥിതി അവബോധം, വളർത്തുന്നതിനും നിരന്തര ശ്രമങ്ങൾ ആവശ്യമാണെന്ന് അൽ-മുവൈസ്രി വ്യക്തമാക്കി.