കുവൈത്ത് സിറ്റി: ഭീക്ഷാടകർക്കെതിരെ ശക്തമായ നടപടിയുമായി കുവൈത്ത്. ഭിക്ഷാടനം നടത്തിയ 14 വനിതാ യാചകരെ കുവൈത്ത് അറസ്റ്റ് ചെയ്തു. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽസബയുടെ നിർദ്ദേശപ്രകാരം നാഷണാലിറ്റി ആൻഡ് റെസിഡൻസി സെക്ടർ മേധാവിയുടെ മേൽനോട്ടത്തിൽ നടന്ന പരിശോധയിലാണ് 14 വനിതാ യാചകർ പിടിയിലായത്. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, റെഡിഡൻസി, തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കുവൈത്തിൽ കർശന പരിശോധനയാണ് നടന്നു വരുന്നത്. അറസ്റ്റിലായ ഭിക്ഷാടകർക്കെതിരെ മാത്രമല്ല അവരുടെ സ്‌പോൺസർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ഭിക്ഷാടനം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.