കുവൈത്ത് സിറ്റി: കുവൈത്ത് ഉൾക്കടലിൽ ‘മെയ്ദ് മത്സ്യം (മുള്ളറ്റ് മത്സ്യം)’ പിടിക്കാൻ അനുമതി നൽകി. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് ഡയറക്ടർ ജനറൽ എഞ്ചിനീയർ സാലിം അൽ-ഹായ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക വിപണിയിലെ മത്സ്യലഭ്യത വർധിപ്പിക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് നടപടി.
മെയ്ദ് മത്സ്യത്തിൻ്റെ ലഭ്യത വർധിപ്പിക്കുന്നത് പ്രാദേശിക വിപണിയെ ഉത്തേജിപ്പിക്കുമെന്നും ഉപഭോക്താക്കൾക്ക് കൂടുതൽ മത്സ്യ ലഭ്യത ഉറപ്പാക്കുമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ ചുമതലയുള്ള ആക്ടിംഗ് ധനകാര്യ മന്ത്രിയുമായ ഡോ. സുബൈഹ് അൽ-മുഖൈസീമിൻ്റെ നിർദേശം അനുസരിച്ചാണ് തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു.
പരിസ്ഥിതി പൊതു അതോറിറ്റി, കോസ്റ്റ് ഗാർഡ് ഡയറക്ടറേറ്റ് ജനറൽ എന്നിവയുമായി ഏകോപിപ്പിച്ച് നിശ്ചിത സ്ഥലങ്ങളിൽ, പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.
പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ചാണ് മത്സ്യബന്ധന പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കുമെന്നാണ് മുന്നറിയിപ്പ്. സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ അതോറിറ്റിയുടെ മറൈൻ കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു. നിർദ്ദിഷ്ട ഏകോപന സ്ഥാനങ്ങൾ മുതൽ ഉൾക്കടലിൻ്റെ വടക്കൻ തീരത്തുള്ള റാസ് അൽ-സുബിയ വരെ മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. മറ്റ് പ്രദേശങ്ങളിലെല്ലാം നിയന്ത്രണങ്ങൾ തുടരും.
ആകെ 50 താത്ക്കാലിക സീസണൽ പെർമിറ്റുകൾ മാത്രമാണ് അനുവദിക്കുക. അതോറിറ്റി അംഗീകരിച്ച ഇടത്തരം വലകൾ ഉപയോഗിച്ച് ജീവനുള്ള മെയ്ദ് മത്സ്യം പിടിക്കാൻ മാത്രമേ അനുവാദമുള്ളൂ. ഒരു സീസണിലെ ആകെ പിടുത്തം 400 ടണ്ണായി പരിമിതപ്പെടുത്തിയിട്ടുണ്ട്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ മാത്രമാണ് പ്രവർത്തനാനുമതി. ജാബർ പാലത്തിന് താഴെയുള്ള കപ്പൽ സഞ്ചാര പാതയിലൂടെ മാത്രമേ ഉൾക്കടലിലേക്ക് പ്രവേശിക്കാൻ സാധിക്കൂ. മറൈൻ കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റിൻ്റെയും കോസ്റ്റ് ഗാർഡിൻ്റെയും നിരീക്ഷണത്തിലായിരിക്കും പ്രവർത്തനങ്ങളെന്നും അധികൃതർ വിശദമാക്കി.