കുവൈത്ത് സിറ്റി: കുവൈത്തിൽ ഓൺലൈൻ തട്ടിപ്പ് വഴി പ്രവാസിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടമായത് 2740 ദിനാർ. ഈജിപ്ഷ്യൻ പ്രവാസിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായത്.
സംഭവവുമായി ബന്ധപ്പെട്ട് ഹവല്ലി നുഗ്‌റ പോലീസ് സ്റ്റേഷനിൽ ഈജിപ്ഷ്യൻ പ്രവാസി പരാതി നൽകി. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ബാങ്ക് അക്കൗണ്ടിൽ നിന്നും മൂന്ന് തവണകളായി അജ്ഞാതൻ 2740 ദിനാർ പിൻവലിച്ചതായാണ് പരാതി. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് പരാതിയുടെ നിജസ്ഥിതി പരിശോധിക്കുകയും വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന് പിന്നാലെ പൊതുജനങ്ങൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. ബാങ്കുകളുടെ വെബ്സൈറ്റുകളുമായി സാമ്യമുള്ള അജ്ഞാത ഉറവിടങ്ങളിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങളോ ലിങ്കുകളോ തുറക്കരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.







