കുവൈത്ത് സിറ്റി: കുവൈത്തിൽ റെസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഇൻവെസ്റ്റ്മെന്റ് കെട്ടിടങ്ങളിൽ എലിവേറ്ററുകൾ സ്ഥാപിക്കുമ്പോൾ സുരക്ഷാ ആവശ്യകതകളും മാനദണ്ഡങ്ങളും പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി അഗ്നി ശമന രക്ഷാ സേനാ വിഭാഗം. അഗ്നി ശമന സേനാ വിഭാഗത്തിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങൾ മുഖേനെ മാത്രമേ കെട്ടിടങ്ങളിൽ ലിഫ്റ്റുകൾ സ്ഥാപിക്കാൻ പാടുള്ളുവെന്ന് അധികൃതർ അറിയിച്ചു.
ലിഫ്റ്റുകൾ സ്ഥാപിക്കുമ്പോൾ അംഗീകൃത സാങ്കേതിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇത് സഹായകമാകും. എല്ലാ ലിഫ്റ്റുകളും ആനുകാലിക സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കണം. ഇവ പൂർത്തിയാക്കുന്നതിനു മുമ്പ് ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ലെന്ന് അധികൃതർ നിർദ്ദേശം നൽകി.
ഉപയോക്താക്കളുടെ ജീവനും സ്വത്തിന്റെ സുരക്ഷയും സംരക്ഷിക്കുന്നതിനായി ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് മുമ്പ് എല്ലാ സുരക്ഷാ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് അധികൃതർ കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടു. നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.







