കുവൈത്ത് സിറ്റി: കുവൈത്തിൽ അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിൽ നിലനിൽക്കുന്ന സംഘർഷ സാധ്യത മുൻ നിർത്തിയാണ് തീരുമാനം. എന്നാൽ അടിയന്തര ശസ്ത്രക്രിയകൾ യാതൊരു മാറ്റവുമില്ലാതെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾക്ക് രോഗികൾക്ക് നേരത്തെ നൽകിയ അപ്പോയിന്റ്മെന്റുകൾ പുനഃക്രമീകരിക്കുകയും ബദൽ തീയതി എത്രയും വേഗം അറിയിക്കുകയും ചെയ്യും. ഇതിനു പുറമെ രാജ്യത്തെ എല്ലാ ആശുപത്രികളിലെയും ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ ഒരു ദിവസത്തേക്ക് മരുന്നുകൾ വിതരണം ചെയ്യുന്നതിൽ മാത്രമായി പരിമിതപ്പെടുത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു







